ശ്രാവണബളഗൊള

യാത്രകൾ അവസാനിക്കുന്നില്ല..

മംഗലാപുരത്ത്‌ രാവിലെ തന്നെ നല്ല മഴയാണ്‌. ഷൊർണ്ണൂരിൽ നിന്നും രാത്രി വെസ്റ്റ്‌ കോസ്റ്റിന്‌ കയറിയത. നല്ല തിരക്കായതിനാൽ ഉറങ്ങാൻ പറ്റിയില്ല. സീറ്റ്‌ കിട്ടിയത്‌ തന്നെ വണ്ടി കാഞ്ഞങ്ങാട്‌ എത്തിയപ്പൊഴ.

ആർത്തലച്ച്‌ മഴ പെയ്യുന്നു. രാവിലെ അഞ്ചരമണിക്ക്‌ റെയിൽവെ സ്റ്റേഷനീന്ന് ബസ്റ്റാന്റിലേയ്ക്‌ നടക്കണം ! മഴയായതുകൊണ്ട്‌ ഒരു ഓട്ടൊ പിടിക്കാമെന്ന് വെച്ചു. അങ്ങനെ  ഓട്ടൊ പിടിക്കാൻ ചെന്നപ്പൊ 100 പേരും രണ്ട്‌ ഓട്ടോയും.!! അവിടെ ആകെ ബഹളം, ഞാൻ പതിയെ ഒരു ചായയുമായി മഴ മാറുന്നത്‌ വരെ കാത്തുനിന്നു..

മഴയിൽ മംഗലാപുരം തണുത്ത്‌ വിറങ്ങലിച്ചുപോയിരിക്കുന്നു. മഴമാറിയതും ബസ്റ്റാന്റ്‌ ലക്ഷ്യമാക്കി ഞാൻ നടന്നുതുടങ്ങി.
വൃത്തിയുള്ള നഗരമാണ്‌. മുൻപ്‌ പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ ഒരു മഴക്കാലത്ത്‌ വരുന്നത്‌.. !

എന്റെ ലക്ഷ്യസ്ഥാനം ശ്രാവണബളഗൊള ആണ്‌! ഹസ്സൻ ജില്ലയിലെ അത്ര ശ്രദ്ധ ചെല്ലാത്ത ഒരു ഗ്രാമമാണെങ്കിലും പണ്ടുമുതലെ ഈ സ്ഥലത്തെക്കുറിച്ച്‌ കേട്ടിരുന്നു. ബസ്റ്റാന്റിൽ ചെന്ന് പ്രഭാതഭക്ഷണം കഴിക്കാം എന്ന ധാരണയിൽ അകത്ത്‌ ഒരു റെസ്റ്റൊറന്റിൽ കയറി. കർണ്ണാടകയിൽ നമുക്ക്‌ എവിടെ പോയാലും ഒന്നും നോക്കാതെ കഴിക്കാൻ പറ്റുന്ന ഒന്നാണ്‌ വെജിറ്റബിൾ കുറുമ വളരെ മികച്ച ഒരു കറിയായതിനാലും ഇതേഹോട്ടലിൽ നിരവധിതവണ ഞാൻ കഴിച്ചിട്ടുള്ളതിനാലും സംശയം അശേഷമില്ലാതെതന്നെ ഞാൻ ചപ്പത്തിയും കുറുമയും കഴിച്ചു. !

ബസ്റ്റാന്റിൽ നിൽക്കുമ്പോൾ തന്നെ ഹസ്സൻ പോകുന്ന നിരവധി ബസുകൾ കാണാൻ കഴിയും, ഭക്ഷണമെല്ലാം കഴിച്ച്‌ ഞാൻ ഒരു ബസിൽ കയറി.
കർണ്ണാടക ആർ.ടി.സിയുടെ ഒരു ബസ്‌.. യാത്രതുടങ്ങി നഗരത്തിന്റെ ആധുനികതയിൽ നിന്ന് പതിയെ അകന്ന് നീങ്ങുമ്പൊ ശരിക്കും കർണ്ണാടകയുടെ ഉൾഗ്രാമങ്ങളിലെ ജീവിതങ്ങൾക്കിടയിലൂടെയാണ്‌ ഈ ബസ്‌ പോകുന്നത്‌ എന്ന് തിരിച്ചറിവ്‌ എനിക്കുണ്ടായി. കാരണം ആ സ്ഥലത്തേക്കുറിച്ചുള്ള എന്റെ പ്രാധമികമായ അറിവിൽ ഒരു കാടിന്റെ നടുവിലൂടെയുള്ള യാത്ര എന്നായിരുന്നു.

ഏതാണ്ട്‌ മൂന്ന് മണിക്കൂറോളം ദൈർഖ്യമേറിയ ഒരു യാത്ര. നിരവധി മനുഷ്യർ കയറുന്നു ഇറങ്ങുന്നു.
അതിൽ രാവിലെ ജോലിക്ക്‌ പോകുന്നവർ, സ്കൂൾ കോളെജ്‌ വിദ്യാർദ്ധികൾ അങ്ങനെ ഒരു ഉൾ ഗ്രാമത്തിൽ കാണാൻ കഴിയുന്ന ജീവിതങ്ങൾ. പ്രായമായ മുത്തശിമാരും മുത്തശ്ചന്മാരുമെല്ലാം രവിലെ തന്നെ വിവിധങ്ങളായ കവലകളിൽ തമ്പടിച്ച്‌ മുറുക്കിക്കൊണ്ട്‌ സൊറപറയുന്ന കാഴചൾ. ഇവയൊക്കെ കർണ്ണാടക എന്ന നാടിന്റെ രീതികളും, ജീവിതങ്ങളും നമുക്ക്‌ മനസിലാക്കി തരുന്നു..

ഏതാണ്ട്‌ ഒരു മൂന്ന് മണിക്കൂറിന്‌ ശേഷം വണ്ടി ഹസ്സനിൽ എത്തി. ശരിക്കും അവിടെനിന്ന് മറ്റൊരുബസിലാണ്‌ ഈ ശ്രാവണബളഗൊളയിലേയ്ക്ക്‌ പോകേണ്ടത്‌. ഞാൻ വന്ന വണ്ടി ഹസ്സൻ വരെയെ ഒള്ളു.
അങ്ങനെ അവിടെ ഇറങ്ങി. ഒരു “കന്നട” ചായയൊക്കെ കുടിച്ച്‌ (ഏത്‌ നാട്ടിൽ ചെന്നാലും ചായ കുടിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു സംഗതി ആണല്ലൊ.)
അങ്ങനെ നിൽക്കുമ്പൊ തന്നെ; നിരവധി തീർദ്ധാടക വേഷമണിഞ്ഞ ആളുകൾ ഒരു ബസിൽ കയറുന്നു.  എനിക്ക്‌ തോന്നി ആ ബസായിരിക്കും ശ്രാവണബളഗൊളയ്ക്‌ പോകുന്നത്‌ എന്ന്. നോക്കിയപ്പൊ ശരിയ, ഞാനും കയറി ഒരു സീറ്റ്‌ തരപ്പെടുത്തി.

ബസിൽ ഞാനൊഴികെ എല്ലാവരും തന്നെ ഒരു ആത്മീയതയിൽ ആകുന്നപോലെ. അവരുടെ വർത്തമാനങ്ങൾ ഒക്കെ തന്നെയും ആത്മീയതയെക്കുറിച്ചായിരുന്നു. ബസ്‌ പുറപ്പെട്ട്‌ കുറച്ച്‌ കഴിഞ്ഞപ്പൊ മുതൽ വനനിബിടമായ പ്രദേശങ്ങൾ കണ്ടുതുടങ്ങി. ആളുകളുടെ കയറി, ഇറക്കങ്ങൾ നന്നേകുറഞ്ഞു.  ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ…… അങ്ങനെ ഏകദേശം ഒരു മണിക്കൂർ……, ബസ്‌ സ്ഥലത്തെത്തി. എല്ലാവരും അത്യാവേശത്തോടെ ഇറങ്ങുന്നു. ഞാനും അവരോടൊപ്പമിറങ്ങി.

“ശ്രാവണബളഗൊള”

ജൈനമത വിശ്വാസങ്ങളുടെ ഈറ്റില്ലം !
ശ്രാവണബളഗൊളയ്ക്ക് ചന്ദ്രഗിരി, വിന്ധ്യഗിരി എന്നീ രണ്ട് കുന്നുകളുണ്ട്.  ആചാര്യ ഭദ്രബാഹുവും ശിഷ്യൻ ചന്ദ്രഗുപ്ത മൗര്യയും അവിടെ ധ്യാനിച്ചതായി കരുതപ്പെടുന്നു. ചന്ദ്രഗുപ്ത മൗര്യനുവേണ്ടി സമർപ്പിക്കപ്പെട്ട ചന്ദ്രഗുപ്ത ബസാദി ബി.സി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി അവിടെ പണികഴിപ്പിച്ചു.  എ.ഡി അഞ്ചാം നൂറ്റാണ്ട് മുതൽ ധ്യാനിച്ച നിരവധി സന്യാസിമാർക്കും, അരാവകന്മാർക്കും സ്മാരകങ്ങളും ചന്ദ്രഗിരിയിലുണ്ട്.  ചാവുന്ദാരായ പണികഴിപ്പിച്ച പ്രശസ്തമായ ഒരു ക്ഷേത്രവും ചന്ദ്രഗിരിയിലുണ്ട്.

അവിടെ നിന്നും 17 മീറ്റർ അകലെ മാത്രമാണ്‌ ഗോമതേശ്വര സ്റ്റാച്യു സ്തിതിചെയ്യുന്നത്‌.

“അത്‌ മാത്രമല്ല. ഇന്ന് നമുക്ക്‌ പരിചിതനായ “ബാഹുബലി”.! (ശരിക്കും ഇന്ന് ഇത്‌ എഴുതുമ്പോൾ അൽപം അമ്പരപ്പ്‌ ഉണ്ടെങ്കിലും ആ സിനിമ ഇറങ്ങുന്നതിനു മുന്നേ ബാഹുബലിയുടെ ടെമ്പിൾ സന്ദർശ്ശിക്കാൻ ആയി എന്നുള്ളത്‌ ആശ്ചര്യമുളവാക്കുന്നു). !”

അങ്ങനെ ശ്രാവണബളഗൊളയെന്ന ഈ ചെറിയ പട്ടണത്തിലേയ്ക്‌ ഞാനും അവരിലൊരാളായി ഇറങ്ങി.  കടന്നു പോകുന്ന വഴികളെല്ലാം തന്നെ സജീവമായിക്കഴിഞ്ഞിരിക്കുന്നു, നിരവധിയാളുകൾ ചിലർ തൊഴുതുമടങ്ങുന്നു, തൊഴാൻ പോകുന്നവർ അങ്ങനെ ഏതാണ്ടൊരു തീർദ്ധാടന കേന്ദ്രത്തിന്റേതായ എല്ലാ സ്വഭാവവും ഉള്ളയൊരു ചെറിയ പട്ടണം. വിവിധങ്ങളായ കച്ചവടക്കാര്‌, ഹോട്ടലുകള്‌, അങ്ങനെ ഏതാണ്ട്‌ ആ നാടിന്റെ ഒരു സ്വഭാവരീതി പെട്ടന്ന് തന്നെ നമുക്ക്‌ മനസിലാക്കിയെടുക്കാൻ കഴിയുന്നു. !

അതിമനോഹരവും അത്ഭുതവുമാണ്‌ അവിടുത്തേ ഓരൊ നിർമ്മിതികളും, ശിൽപങ്ങളും, ടെമ്പിളുകളും, ജൈനമത ആചാരാനുഷ്ഠാനങ്ങളും, അമ്പലങ്ങളിലെ കൊത്തുപണികളുമൊക്കെ തന്നെ ഒരു അത്ഭുതമായി നമുക്ക്‌ മുന്നിൽ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ തലയുയർത്തി നിൽക്കുന്നു. ഇപ്പോഴും അതിനെ അതിന്റെ രീതിയിൽ തന്നെ സംരക്ഷിച്ച്‌ നിർത്തിയിരിക്കുന്നു എന്നത്‌ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്‌.

“ചരിത്രങ്ങൾക്കൂടെ മനസിലാക്കിയശേഷം നമ്മൾ  സന്ദർശ്ശിക്കുമ്പോഴാണ്‌ യാത്രയുടെ അനുഭവം നമ്മളിൽ സ്വാധീനിക്കുക എന്ന് പലപ്പോഴും എനിക്ക്‌ തോന്നിട്ടുണ്ട്‌.”

(ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ കാലത്ത്‌ അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് നമുക്ക്‌ മനസിലാക്കിതരുന്ന അനവധി കാര്യങ്ങൾ ചുറ്റുമുണ്ട്‌ എന്ന ഓർമ്മപ്പെടുത്തലോടെ മറ്റൊരു നാടിന്റെ വിശേഷങ്ങളുമായി വീണ്ടും കാണാം. )

The Traveler

ഹൈദരാബാദ്

തെക്കേ ഇന്ത്യയുടെ തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹൈദരാബാദ്.  ടെക്നോളജി വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രം,  നിരവധി ഉയർന്ന റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ആവാസ കേന്ദ്രമാണ്.  ഒരു കാലത്ത് ഖുത്ബ് ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മുൻ വജ്ര വ്യാപാര കേന്ദ്രമായ ഗൊൽക്കൊണ്ട കോട്ട നഗരത്തിന്റെ ചരിത്രപരമായ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.  പതിനാറാം നൂറ്റാണ്ടിലെ ചാർമിനാർ, 4 കമാനങ്ങൾ ഉയർന്ന മിനാരങ്ങളെ പിന്തുണയ്ക്കുന്നു, വളരെക്കാലമായി നിലനിൽക്കുന്ന ലാഡ് ബസാറിനടുത്തുള്ള ഒരു പഴയ നഗരത്തിന്റെ അടയാളമാണിത്‌.

മരിക്കുന്നതിന്‌ മുൻപ്‌ ഹൈദരാബാദിലെ പലഹാരങ്ങളുടെ രുചിയറിയണമെന്ന അടങ്ങാത്ത മോഹമാണ്‌ ശബരി എക്സ്‌പ്രസിൽ കയറാൻ പ്രേരിപ്പിച്ചത്‌. റാമോജീ ഫിലിംസിറ്റിയും, ഹദരാബാദി ബിരിയാണിയും കൂടെയാകുമ്പൊ മൊത്തതിൽ അടിപൊളി..!

കൊച്ചി നഗരത്തിന്റെ വർണ്ണശബളമായ ആഘോഷങ്ങളിൽനിന്നൊരു ദിവസം ശബരിക്ക്‌ കയറി ഹൈദരാബാദ്‌ ഡെക്കാനിൽ വണ്ടിയിറങ്ങി..
സമയം ഉച്ചക്ക്‌ രണ്ട്‌ മണി, നല്ലവിശപ്പും ഒരു ഓട്ടൊ പിടിച്ച്‌ അവിടുത്തെ വളരെ പ്രസിധമായ കഫെ ബാഹർ എന്ന റെസ്റ്റൊറന്റിലേയ്ക്‌ പോയി. അത്‌ അവന്തി നഗറിലുള്ള എം.എൽ.എ ക്വാർട്ടേഴ്സ്‌ റോഡിലാണ്‌.. നഗര കാഴ്ചകളും മറ്റും കണ്ട്‌ റിക്ഷയിലെ യാത്ര ഒരു ദിവസത്തെ ട്രെയിൻ യാത്രയുടെ മടുപ്പിനെ അലിയിച്ചുകളയുന്ന ഒന്നായിരുന്നു !

ഹൈദരാബാദിലെ പ്രധാന വിഭവങ്ങൾ ഒന്ന് പറയാം
ഖുബാനി കാ മീത്ത
ജൗസി ഹൽവ
ഷീർ കുർമ്മ
മൗസ്‌ ക മീത്ത
ബദം കി ജലി
സേമിയ പായസം
ബിരിയാണി

ഇതിൽ സേമിയയും, ബിരിയാണിയും ആയിരിക്കും കേട്ടിട്ടുണ്ടാവുക അല്ലെ?
ഞാനും അത്രതന്നെ ഒള്ളാരുന്നു. പക്ഷെ ഇതെല്ലാം മനം മയക്കുന്ന പലഹാരങ്ങളാണ്‌. പോകുന്നവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാതതാണ്‌ ഇവയെല്ലാം.

(യാത്രയുടെ വിശേഷങ്ങളും കാഴ്ചകളും ഒരുപാട്‌ ഉണ്ടെങ്കിലും നീണ്ടു പോകും.)

The Traveler

ഇടവേളകളിലെ ദേശാടനം..

ബൈന്തൂർ ബസ്റ്റാന്റിൽ ഒരു ചായകുടിച്ച്‌ നിൽക്കുമ്പോഴാണ്‌ മുരുഡേശ്വർ പോകാം എന്ന തീരുമാനമുണ്ടാകുന്നത്‌..
ബസ്റ്റാന്റിൽ നിന്ന് തന്നെ ബെട്കലിലേയ്ക്‌ ബസുണ്ട്‌. ബെട്കലിൽ ഇറങ്ങിയാൽ മുരുഡേശ്വറിലേയ്ക്‌ മറ്റൊരു വണ്ടിയിൽ കയറണം.
അല്ലങ്കിൽ ബൈന്തൂർ റെയിൽ വെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മുരുഡേശ്വർ എത്തിച്ചേരാം.

ഉത്തര കർണ്ണാടകയിലെ ബട്ക്കൽ താലൂക്കിലെ ഒരു പട്ടണമാണ് മുരുഡേശ്വർ. ബട്കലിന്റെ താലൂക്ക് ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ നഗരം.  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമയ്ക്ക് പേരുകേട്ട മുരുഡേശ്വർ അറബിക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മുരുഡേശ്വർ ക്ഷേത്രവും പ്രശസ്തമാണ്.  മംഗലാപുരം-മുംബൈ കൊങ്കൺ റെയിൽവേ റൂട്ടിലാണ് മുരുഡേശ്വറിന് റെയിൽവേ സ്റ്റേഷൻ…

ട്രെയിൻ ഇനി വളരെ വൈകിയെ എത്തുകയൊള്ളു എന്നറിഞ്ഞ ഞാൻ ബസിൽ പോകാൻ തീരുമാനിച്ചു..  ഉച്ചയാകാറായി പോയിട്ട്‌ ഒരുപാട്‌ രാത്രിയാകും മുന്നെ മംഗലാപുരം ചെല്ലണം എന്നുള്ളതുകൊണ്ട്‌ തന്നെ ബസ്‌ പിടിച്ച്‌ ബെട്കലിലേയ്ക്‌ പോയി.
അതൊരു കർണ്ണാടക പ്രൈവറ്റ്‌ ബസ്സാണ്‌. ഇടുങ്ങിയ വാതിലുകൾ, അടുത്തടുത്ത സീറ്റുകൾ, കൂടെ പഴയ കന്നട ചലച്ചിത്രഗാനങ്ങളും.
നാഷണൽ ഹൈവേയുടെ പണി നടക്കുന്നു
(പനവേൽ – കൊച്ചി).

അതുകൊണ്ട്‌ തന്നെ നല്ല ദുസഹമായ യാത്രയാണ്‌. ബെട്കൽ എത്താറയപ്പോൾ ഹൈവ്‌ മികച്ചരീതിയിൽ പണി പൂർത്തീകരിച്ചിരുന്നു.
ബെട്കലിൽ ഇറങ്ങുമ്പൊ തന്നെ ഇറങ്ങുന്ന ആളുകളെ പിടിക്കാൻ അവിടെ മുരുഡേശ്വർ പോകുന്ന ചെറു വണ്ടികളിലെ ആളുകൾ നിരന്ന് നിൽക്കുന്നു. അവർ എല്ലാവരോടും മുരുഡേശ്വർ ആണൊ എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു ചെറുവാഹനത്തിൽ കയറിപ്പറ്റി. മഹേന്ദ്രയുടെ ഒരു പഴയമോഡൽ കുട്ടി ബസാണത്‌. ആളുകൾ നിറഞ്ഞപ്പൊ ഡ്രൈവർ വണ്ടിയെടുത്തു. എല്ലാവരും മുരുഡേശ്വർ ആയതുകൊണ്ട്‌ തന്നെ കണ്ടക്ടർ അവിടെ വെറുതെയിരിക്കുന്നു. മുരുഡേശ്വർ ടെമ്പിളിനടുത്തായി വണ്ടി നിന്നു. ഇറങ്ങുന്നവർ കണ്ടക്ടറുടെ കയ്യിൽ പണം നൽകിയശേഷം തെരുവിലേയ്ക്‌ ഇറങ്ങി നടന്നുനീങ്ങുന്നു.

“പണ്ട്‌ വെല്ലിംഗിരി മലനിരകളിലെ യാത്രയിൽ നിന്നാണ്‌ കൈലാസനാധനുമായുള്ള സൗഹൃദം തുടങ്ങുന്നത്‌. അതുകൊണ്ട്‌ തന്നെ സാങ്കൽപ്പിക കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതും കൈലാസനാധൻ തന്നെ.”

മുരിഡേശ്വർ ടെമ്പിളും ശരിക്കും ഒരു അതിശയിപ്പിക്കുന്ന പണിതന്നെയാണങ്കിലും തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ടെമ്പിളുകൾ മുൻപ്‌ കണ്ടിട്ടുള്ളതിനാൽ എനിക്ക്‌ അത്ഭുതമായിത്തോന്നിയത്‌ ശിവ പ്രതിമ തന്നെയാണ്‌ അറബിക്കടലിനോട്‌ ചേർന്ന് മൂപ്പരങ്ങനെ ഇരിക്കുന്നു. അതിന്റെ ഏറ്റവും മനോഹരമായ ദൃശ്യം ആ ടെമ്പിളിന്‌ മുകളിൽ നിന്ന് നോക്കുമ്പോഴാണ്‌. കണ്ണെത്താ ദൂരത്ത്‌ ചക്രവാളം വരെ കടൽ നിവർന്ന് കിടക്കുന്നു. മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഒരു വശത്ത്‌ കടലിൽ തംമ്പടിച്ചിരിക്കുന്നത്‌ കാണാം. മറ്റൊരു വശത്ത്‌ കൈലാസനാധനും. !
മനോഹരമായ ദൃശ്യം..

(കർണ്ണാടക എന്നും അതിശയിപ്പിക്കുന്ന ഒരു സ്ഥലമാണ്‌. അത്‌ ഇപ്പൊഴും തുടർന്നുകൊണ്ടിരിക്കുന്നു…!)

The Traveler

Create your website at WordPress.com
Get started